ബോംബെയിലെ ചന്നം പിന്നം പെയ്യുന്ന കറുത്തിരുണ്ട മഴയില് നിന്നും അഭയം തേടി സ്വന്തം എങ്ങനെയെങ്കിലും ഒരു വിധേന ചേന്പൂരിലെ ജോപഡ്പെട്ടിയില് (ചേരിയിലെ കുടിലില്) എത്തി.
ഇന്ന് വളരെ തളര്ന്നു പോയിരിക്കുന്നു.
ചേച്ചി എത്ര മാത്രം തളര്ന്നിരിക്കും?
ഇന്ന്, ഡാന്സ് ബാര് മുഴുവനും കരിന്പ് കൃഷിക്കാരെക്കൊണ്ട് നിറഞ്ഞിരുന്നു.
കുളിക്കാത്ത വര്ഗ്ഗം – എന്നാലും അവര്ക്കും ഡാന്സ് ബാറില് വന്നിരുന്ന് ഡാന്സ് കണ്ടേ പറ്റൂ.
എല്ലാ വിളവെടുപ്പിനും അവന്മാര് വരാറുള്ളതാണ്.
അവരുടെ എന്തോ സമ്മേളനമോ മറ്റോ ആയിരുന്നു ഇന്ന് ബോംബെയിലെന്ന് ഇരുണ്ട മേക്കപ്പ് റൂമിലെ ഇരുട്ടത്ത് ആരോ പറയുന്നുണ്ടായിരുന്നു.
കരിന്പ് കൃഷിക്കാരെ കര്ഷകരെന്നു പറയാവുന്നത് ആകെ അവരുടെ വേഷവിധാനത്തില് നിന്നുമാണ്.
അവരുടെ കൈവശം ഏറെ പണമുണ്ടെന്നും, മാദകമായി നൃത്തം ചെയ്ത് അത് കൈക്കലാക്കാന് ശ്രമിക്കണമെന്ന് ഷെട്ടി മുതലാളിയുടെ ശിങ്കിടിയെന്നറിയപ്പെടുന്ന എരുമ വന്ന് പറയുന്നതു കേട്ടു.
പക്ഷേ, ചേച്ചി അതു കേട്ട ഭാവമേ കാണിച്ചില്ല.
ഭയങ്കര ചങ്കൂറ്റം തന്നെ ചേച്ചിക്ക്.
ഷെട്ടി എത്ര പ്രാവശ്യം ശ്രമിച്ചതാണ് ചേച്ചിയെ ഏതോ മന്ത്രിയുടേയോ മറ്റോ വീട്ടില് കൊണ്ടു പോകാനായി.
“വാറങ്കലില് പോയിട്ട വന്നിട്ടാകാം” എന്ന ഒറ്റ മറുപടിയല്ലാതെ മറ്റൊന്നും ചേച്ചി പറയാറില്ല.
ഷെട്ടിക്ക് എന്തു ചെയ്യാനാകും വാറങ്കല് ചേച്ചിയുടെ നാടായിപ്പോയില്ലെ?
നിന്റെ നാടേതാടാ എന്ന് ചേച്ചി ഇടയ്ക്കിടെ ചോദിക്കാറുണ്ട്?
നമുക്കേതു നാട്?
ഏതെങ്കിലും ഒരു നാടിന്റെ പേരു പറയും – ചിലപ്പോള് തൃശ്ശുര് – ചിലപ്പോള് കൊല്ലം – മറ്റു ചിലപ്പോള് കടിച്ചാല് പൊട്ടാത്ത തിരുവനന്തപുരം തന്നെയാകും – മലയാളി ആയിപ്പോയില്ലേ?
ചിലപ്പോള് ചേച്ചി ചോദിക്കാറുണ്ട് “ഇന്നാള് നീ പറഞ്ഞത് ഈ സ്ഥലമല്ലല്ലോ” എന്ന്.
“അത് ഈ രാഷ്ട്രീയക്കാര് പേരു മാറ്റിയതാ ചേച്ചി” എന്ന് പറഞ്ഞ് തടി തപ്പും.
തെലുങ്കത്തി ചേച്ചിക്കെവിടെ പത്രം വായിക്കാന് സമയം?
രാത്രി മുഴുവനും ഡാന്സ് ചെയ്തു തളര്ന്ന് പകല് മുഴുവനും ഉറക്കമല്ലേ?
പതിനൊന്നു മണിക്ക് ഡാന്സ് ബാര് അടയ്ക്കണമെന്നാണ് – പക്ഷേ ഷെട്ടിക്കറിയാം ഹവില്ദാര് (ബോംബെ പോലീസുകാരന്) വന്ന് ഹഫ്താ (കൈക്കൂലി) വാങ്ങിപ്പോയിക്കഴിഞ്ഞാല് ആരെയും പേടിക്കണ്ടായെന്ന്.
പാവം ചേച്ചിക്ക് അന്ന് രാത്രി മുഴുവനും ഡാന്സ് ചെയ്യേണ്ടതായി വരും.
ഇരുണ്ട മേക്കപ്പ് റൂമിലെ ഇരുട്ടത്ത് ഇന്നാളാരോ പറയുന്നുണ്ടായിരുന്നു ഡാന്സ് ബാറുകള്ക്ക് നിരോധനം വന്നേയ്ക്കുമെന്ന്.
ആഭ്യന്തരമന്ത്രിയുടെ നാട്ടുകാരുടെ മുഴുവന് പണവും ഈ ഡാന്സ് ബാറിലെ ആട്ടക്കാരികള് തട്ടിയെടുക്കുന്നു പോലും.
എന്നിട്ട് ആ പണം മറ്റു സംസ്ഥാനങ്ങളിലേയ്ക്ക് അയക്കുന്നു പോലും.
സമുദായ സ്നേഹിയായ ഒരു മന്ത്രിക്ക് സഹിക്കാവുന്ന ഒരു കാര്യമാണോ ഈ ഡാന്സ് ബാറിലെ ആട്ടക്കാരികളായ അന്യ സംസ്ഥാനക്കാര് കാണിക്കുന്നത്.
ഷെട്ടി വീണ്ടും ചേച്ചിയോട് ഏതോ മന്ത്രിയുടേയോ മറ്റോ വീട്ടില് പോകുന്ന കാര്യം പറയുന്നുണ്ടായിരുന്നു.
“വാറങ്കലില് പോയിട്ട വന്നിട്ടാകാം” എന്ന ഒറ്റ മറുപടിയല്ലാതെ മറ്റൊന്നും ചേച്ചി പറഞ്ഞില്ല.
ഷെട്ടി കാര്ക്കിച്ച് തുപ്പിയിട്ട് ഇറങ്ങിപ്പോകുന്നതു കണ്ടു.
പോകുന്ന പോക്കില് അയാള് പറയുന്നതു കേട്ടു “നീ നിന്റെ വാറക്ങ്കലിനേം കെട്ടിപ്പിടിച്ചിരുന്നോ. നാളോ ഡാന്സ് ബാര് അടച്ചു പൂട്ടിയാല് നീയൊക്കെ തെണ്ടിയതു തന്നെ. നിന്നെ ഇവിടെ കൊണ്ടാക്കിയ നിന്റെ തന്തക്കിളവനുണ്ടല്ലോ അയാള് ക്ഷയം മൂത്ത് ചത്തതു തന്നെ”
ചേച്ചിയുടെ കവിളത്തെ കണ്ണുനീര് തുള്ളിയില് തട്ടി ഇരുണ്ട വെളിച്ചത്തിന്റെ കിരണത്തിന് സ്ഫടികത്തിന്റെ തിളക്കമായി.
ചേച്ചിയെ തൊട്ടു തലോടി ആശ്വസിപ്പിക്കണമെന്ന് തോന്നി..
പക്ഷേ, ഡാന്സ് ബാറിലെ എച്ചിലെടുക്കുന്ന പന്ത്രണ്ട് വയസ്സുകാരന് ചോക്കരയ്ക്ക് (പയ്യന്) അതിനുള്ള അവകാശം പോയിട്ട് അങ്ങനെ ഒന്നു ചിന്തിക്കാനുള്ള അവകാശം പോലും ഭരതന്റെ രാജ്യം നല്കുന്നില്ല.
ഇനിയും പൌരനല്ലാത്ത – ഇനിയും പൌരനാകാന് അധികാരം നേടിയ്ട്ടില്ലാത്ത – അച്ഛനും അമ്മയും ആരെന്നറിയാത്ത – ഒരു ചിന്ന ചെക്കന് അങ്ങനെയൊന്നും ചിന്തിക്കാനവകാശമില്ല.
രണ്ടായിരത്തി അഞ്ച് ആഗസ്റ്റ് പതിനാല് – ഭാരതം ഏങ്ങും പിറ്റേന്ന് സ്വാതന്ത്ര്യദിനം ആഘോഷിക്കേണ്ട തിരക്കില്.
മഹാരാഷ്ട്രയില് ഡാന്സ് ബാറുകളുടെ മേല് നിരോധനം വന്നു.
സമുദായ സ്നേഹിയായ ഒരു മന്ത്രിയുടെ സമുദായ സ്നേഹത്തിന്റെ മാത്രം ഉദാഹരണമായ നിയമനിര്മ്മാണം.
രണ്ടായിരത്തി അഞ്ച് ആഗസ്റ്റ് പതിനഞ്ചിന് ശേഷം ചേച്ചിയെ കണ്ടിട്ടില്ല.
എവിടെയെല്ലാം അന്വേഷിച്ചു.
ഷെട്ടിയുടെ മനസ്സാക്ഷിസൂക്ഷിപ്പുകാരനായ എരുമയോടും ചോദിച്ചു.
ഒരു തുറിച്ചു നോട്ടം മാത്രമായിരുന്നു മറുപടി – ചെക്കാ നീ നിന്റെ ജോലി നോക്ക് എന്നര്തഥത്തില്.
ചേച്ചിയുടെ അച്ചനെന്നു പറയപ്പെടുന്ന ക്ഷയരോഗിയായ വയസ്സന് എന്തു സംഭവിച്ചു?
ചേച്ചി വാറങ്കലിലേയ്ക്ക് മടങ്ങിപ്പോയോ അതോ...?
ഉത്തരം കിട്ടാത്ത ചോദ്യങ്ങള് അനവധി...
നിരോധനത്തിനു ശേഷവും ഷെട്ടിക്കും ഡാന്സ് ബാറിനും ഒരു മാറ്റവും വന്നില്ല – ഡാന്സ് കുറഞ്ഞുവെന്ന് മാത്രം. പക്ഷേ, എല്ലാ പെണ്കുട്ടികളും എങ്ങോട്ടോയൊക്കൊ പോയി –ഉത്സവപ്പറന്പിലെ കച്ചവടക്കാര് ഒഴിഞ്ഞുപോയതു പോല.
മഴ മാറിയിരിക്കുന്നു.
ഇനി ലൈറ്റിടാം.
ദൂരെ ഗണേഷ്ജയന്തിയുടെ പെരുന്പറ മുഴക്കം.
നെഞ്ചിടിക്കുന്നു – ചേച്ചിയുടെ കാര്യം വീണ്ടും ഓര്ത്തപ്പോള്.
ഇങ്ങനെ എത്രയെത്ര ചേച്ചിമാര്.
താനും ഒരു പെണ്കുട്ടിയായിരുന്നെങ്കില് .........................താനും മറ്റൊരു ചേച്ചിയായേനെ...................
ഇന്നു വരെ കണ്ടിട്ടില്ലാത്ത അച്ചനേയും അമ്മയേയും മനസ്സാ പ്രണമിച്ചു..................
No comments:
Post a Comment